ദുബായില്‍ മലയാളിയുടെ മരണം കൊലപാതകം: സ്ത്രീ അറസ്റ്റില്‍
പി.പി. ശശീന്ദ്രന്‍
Posted on: 07 Apr 2015
കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി
ദുബായ്: ശനിയാഴ്ച കാലത്ത് ദുബായിലെ ഫ്ലൂറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശി പരത്തി രാഹുലിന്റെ മരണം കവര്‍ച്ചയ്ക്ക് ശേഷമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബംഗാളി സ്ത്രീയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒ.ഐ.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാഹുലി (39) നെ മൊഹെസിനയിലെ ലുലു വില്ലേജിനടുത്ത ഫ്ലൂറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാഹുലിനൊപ്പം ഫ്ലൂറ്റിലുണ്ടായിരുന്ന സ്ത്രീയാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് രാഹുലിന്റെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് രാഹുല്‍ മരണപ്പെട്ടത് എന്നായിരുന്നു നേരത്തേപുറത്തുവന്ന വിവരം. എന്നാല്‍ പോലീസിന്റെ തുടര്‍അന്വേഷണത്തിലാണ് കൊലപാതകത്തിലേക്കുള്ള സൂചനകള്‍ ലഭിച്ചത്.
സംഭവത്തെക്കുറിച്ച് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന വിശദീകരിക്കുന്നത് ഇപ്രകാരം-ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രാഹുലിന്റെ ഫ്ലൂറ്റിലെത്തിയിരുന്നു. മണിക്കൂറുകള്‍ക്കുശേഷം ഒരു സ്ത്രീ ഒഴികെയുള്ളവര്‍ പുറത്തേക്ക് പോയി. ഈ സ്ത്രീയോട് അവിടെ നില്‍ക്കാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ ഇതിനിടയില്‍ സ്ത്രീക്ക് നിരന്തരം വന്ന ഫോണ്‍ കോളുകളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച രാഹുല്‍ അവരുമായി ഇടഞ്ഞു. വാഗ്ദാനം ചെയ്ത പണത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും പിടിവലിക്കും ഇടയില്‍ മദ്യലഹരിയിലായിരുന്ന രാഹുല്‍ ബോധരഹിതനായി. ഈ തക്കം നോക്കി രാഹുലിന്റെ മുറിയിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൈക്കലാക്കിയ യുവതി ഫ്ലൂറ്റിലെ തുണികളും വസ്ത്രങ്ങളുമെല്ലാം രാഹുലിന്റെ ദേഹത്തിട്ട് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നതിന് മുമ്പ് സ്ത്രീ സ്ഥലം വിടുകയും ചെയ്തു.
സ്ഥലത്തെ ക്യാമറയില്‍ നിന്നാണ് മുറിയിലേക്ക് വന്നവരെയും കൂടെയുണ്ടായിരുന്നവരെയും പോലീസ് തിരിച്ചറിഞ്ഞത്. ഫ്ലൂറ്റിലേക്ക് അവസാനമായി വന്ന മലയാളികളായ രണ്ട് പേരെ നേരത്തേതന്നെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. അവരില്‍നിന്നാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തിയത്. ഹോര്‍ അല്‍ അന്‍സിലെ താമസസ്ഥലത്തുനിന്നാണ് കൊലപാതകത്തിന് ഉത്തരവാദിയായ യുവതിയെ പോലീസ് അറസ്റ്റുചെയ്തത്. ഇവരോടൊപ്പം മറ്റൊരു സ്ത്രീ കൂടി പിടിയിലായതായും സൂചനയുണ്ട്.
No comments:
Post a Comment