റോമ ഇതുവരെ എവിടെയായിരുന്നു?
Wednesday 04 March 2015 04:46 PM IST
വാനിലെ താരങ്ങളും വെള്ളിത്തിരയിലെ താരങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്. നിന്ന നിൽപ്പിലാകും ഇവർ കൺമുമ്പിൽ നിന്ന് മാഞ്ഞു പോകുന്നത്. പെട്ടന്ന് ഒരു ദിവസം വീണ്ടും എവിടുന്നോ പൊങ്ങി നമ്മുടെ മുന്നിൽ വരും. അങ്ങനെ നിന്ന നിൽപ്പിൽ ആരോടും പറയാതെ ഒരു വാക്കും മിണ്ടാതെ കൺമുമ്പിൽ നിന്നും പോയ താരമാണ് റോമ. ഗ്രാൻഡ്മാസ്റ്ററാണ് അവസാനമായി ചെയ്ത സിനിമ. നീണ്ട ഇടവേളയ്ക്കു ശേഷം റോമ തിരിച്ചു വന്നു മിസ്റ്റർ ബാലിയിലൂടെ. എവിടെയായിരുന്നു റോമ ഇത്രയും നാൾ? ഉത്തരം റോമ മനോരമന്യൂസിനോട് പറയുന്നു.
പെട്ടന്ന് ഒരു മുങ്ങൽ എവിടേക്കായിരുന്നു?
എന്റെ ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ. കൂറേ യാത്രകൾ ചെയ്യുക എന്നുള്ളത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ.. ഒത്തിരി സ്ഥലങ്ങളുണ്ട്. ജപ്പാനും ചൈനയുമൊഴികെ ഒട്ടുമിക്ക രാജ്യങ്ങളിലും പോയി.
എന്തുപറ്റി പെട്ടന്ന് ഒരുപോക്ക്?
എന്റെ ജീവിതത്തിൽ ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതല്ല. എനിക്ക് ഇഷ്ടപ്പെടുന്ന എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ വന്നാൽ മാത്രമേ ഞാൻ ചെയ്യാറൊള്ളൂ. ഒരു ഇടയ്ക്ക് ഒരേ തരം കഥാപാത്രങ്ങൾ തന്നെ ചെയ്ത് മടുപ്പു തോന്നിയപ്പോഴാണ് എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇറങ്ങിയത്.
വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം പോയി എന്നും വാർത്തകൾ കേട്ടൂ?
അയ്യോ ഒരിക്കലുമില്ല. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. വിവാഹം കഴിച്ചാൽ തന്നെ പ്രണയവിവാഹമേ കഴിക്കൂ. അറെൻജ്ഡ് മാര്യേജിന് ഞാനില്ല. എന്റെ സങ്കൽപ്പത്തിൽ ഒരു സ്പെഷ്യൽ പേഴ്സൺ ഉണ്ട്. ആ സ്പെഷ്യൽ ആൾ വരുമ്പോൾ വിവാഹം കഴിക്കും.
പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?
ഈ സിനിമയിലും ഞാൻ അൻ ആണ്. . നാലാം തവണയാണ് ആൻ എന്ന പേരുള്ള കഥാപാത്രം ചെയ്യുന്നത്. ചോക്ലേറ്റിലാണ് ആദ്യമായി ആൻ ആകുന്നത്. പിന്നീട് ചാപ്പാകുരിശിലും കാസനോവയിലും ആൻ തന്നെയായിരുന്നു. ഈ ആനും ഞാനും തമ്മിൽ പൂർവ്വജന്മ ബന്ധമുണ്ടെന്നാണ് തോന്നുന്നത് അല്ലെങ്കിൽ പിന്നെ എപ്പോഴും ആൻ എന്ന പേരിലുള്ള കഥാപാത്രം വരുന്നത് എങ്ങനെയാണ്. പ്രേക്ഷകർക്കും എന്നെ ആൻ ആയി തന്നെ കാണാനാണ് ഇഷ്ടമെന്ന് തോന്നുന്നു.
എത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപ്പര്യം?
സത്യം പറഞ്ഞാൽ 40% ഷേക്ക്സ്പിയർ എംഎ മലയാളം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്. 60% ഇഷ്ടമല്ല. കാരണം വയസ്സായ ആളുകളൊക്കെ വന്നിട്ട് മോളേ നീ ഇങ്ങനെ കരയുന്ന വേഷങ്ങൾ ചെയ്യരുത്, നിന്നെ കരഞ്ഞുകാണുന്നത് ഇഷ്ടമല്ല എന്നൊക്കെ പറയാറുണ്ട്. പ്രേക്ഷകർ അങ്ങനെ പറയുന്ന സ്ഥിതിക്ക് അവരുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം. സെറയെപോലെ ആനിനെപോലെയുള്ള കഥാപാത്രങ്ങൾ തന്നെ ചെയ്യാനാണ് ഇഷ്ടം.
No comments:
Post a Comment